Sunday, January 16, 2011

സ്‌നേഹം

കുര്‍ദു കവിത


ഷെര്‍കൊ ബെകെസ്

ഞാനെന്റെ കാതുകള്‍
ഭൂമിയുടെ ഹൃദയത്തോട് ചേര്‍ത്തു വച്ചു
അതെന്നോട് ഭൂമിയും മഴയും തമ്മിലുള്ള
സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാതുകള്‍
ജലത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് വെള്ളവും
വസന്തവുമായുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനന്റെ കാത്
മരത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് മരവും
ഇലകളും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റി പറഞ്ഞു.
ഞാനെന്റെ കാത്
സ്‌നേഹത്തിന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു
അതെന്നോട് സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞു


ഉഗ്രതിരകള്‍


തിര മുക്കുവനോട് പറഞ്ഞു
എന്റെ അലകള്‍ രൗദ്രമാവാന്‍
പല കാരണങ്ങളുണ്ട്
ഏറ്റവും പ്രധാനം
ഞാന്‍ മീനിന്റെ സ്വാതന്ത്ര്യത്തിനും
വലയ്‌ക്കെതിരെയും
നില്‍ക്കുന്നുവെന്നതാണ്

ഷെര്‍കൊ ബെകെസ്: ലോകപ്രശസ്ത കുര്‍ദിഷ് കവി. സമകാലിക കുര്‍ദ് കവികളില്‍ ഏറ്റവും പ്രശസ്തന്‍. 1940 മെയ് രണ്ടിന് ഇറാഖി കുര്‍ദിസ്ഥാനിലായിരുന്നു ജനനം. അച്ഛന്‍ പ്രശസ്ത കവി ഫയാക് ബെകെസ്. 1965ല്‍ കുര്‍ദിഷ് വിമോചന മുന്നേറ്റത്തില്‍ ഷെര്‍കൊ ബെകെസ് പങ്കെടുത്തു. മുന്നേറ്റത്തിന്റെ ഭാഗമായി റേഡിയോ നിലയത്തില്‍ പണിയെടുത്തു. 1986 ല്‍ ഇറാഖ് ഭരണകൂടത്തിന്റെ നിരന്തര പീഡനം മൂലം മാതൃനാട് വിട്ടു. 1987-1992 വരെ സ്വീഡനില്‍ പ്രവാസിയായി കഴിഞ്ഞു. 1992 ല്‍ ഇറാഖി കുര്‍ദിസ്ഥാനിലേക്ക് മടങ്ങി.

No comments:

Post a Comment