Tuesday, March 23, 2010

Two South African Poems- Published: boolokakavitha

http://boolokakavitha.blogspot.com/2010/03/blog-post_21.html


                   മൊഴിമാറ്റംബിജുരാജ്
രണ്ട് ദക്ഷിണാഫ്രിക്കന്‍ കവിതകള്‍ 


ക്‍ജഫില ഒയ മഗോഗോഡി

ഓടുന്ന ഭക്ഷണം

മുത്തശ്ശി പറയുമായിരുന്നു
ഓടുമ്പോള്‍ ഭക്ഷണം കഴിക്കരുതെന്ന്.
പക്ഷേ ഈ ദിനങ്ങളില്‍ പാത്രങ്ങള്‍ക്ക്
കാലുകള്‍ മുളച്ചിരിക്കുന്നു
ഭക്ഷണം ഓടിക്കൊണ്ടിരിക്കുന്നു.
ആവശ്യക്കാരനില്‍ നിന്ന്
അത്യാഗ്രഹിയിലേക്ക്.

അരങ്ങ്

ദൈവം ഉണ്ടായിരുന്നു
ഇവിടെ.
ഓടിയകന്നു.
കവി അരങ്ങിലേക്ക്
വന്നപ്പോള്‍.

ക്‍ജഫില ഒയ മഗോഗോഡി 1968 ല്‍ ദക്ഷിണാഫ്രിക്കയിലെ ജൊഹെന്നസ് ബര്‍ഗില്‍ ജനിച്ചു.ജാസ് സംഗീതകാരന്‍,കവി,നാടക സംവിധായകന്‍,അധ്യാപകന്‍,എന്നീ നിലകളില്‍ പ്രശസ്തന്‍.വിറ്റ്വാട്ടേഴ്സ് സ്റ്റാന്‍ഡ് സര്‍വകലാശാലയില്‍ അധ്യാപകനാണ്.രാജ്യാന്തര ഷോകളില്‍ നാടകവും സംഗീതവും അവതരിപ്പിച്ചിട്ടുണ്ട്.‘ദ കോണ്ടം കം’,‘ഔട്ട് സ്പോക്കണ്‍’,‘ഐ മൈക്ക് വാട്ട് ഐ ലൈക്ക്’ എന്നിവയാണ് കൃതികള്‍.

Palastine Poem|Nathalie Handal- Published in Boolokakavitha-

 http://boolokakavitha.blogspot.com/2010/03/blog-post_21.html

മൊഴിമാറ്റം  ബിജുരാജ്
      ഫലസ്തീന്‍ കവിത
നദാലി ഹന്‍‌ദാല്‍  


ബെത്‌ലെഹേം

രഹസ്യങ്ങള്‍ നമ്മുടെ ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍ ജീവിക്കുന്നു.
മുത്തശ്ശന്റെ വാക്കുകള്‍ എന്റെ സ്വപ്നങ്ങളില്‍ മുഴങ്ങി;
വര്‍ഷങ്ങള്‍ മുത്തശ്ശന്റെ ജപമാലയേയും പട്ടണത്തേയും കാത്തുവെച്ചു.
ഞാന്‍ ബെത്‌ലെഹേം കണ്ടു.
എല്ലാം പൊടി നിറഞ്ഞ ഒഴിഞ്ഞ പട്ടണം.
ഒരു വാര്‍ത്താപത്രത്തിന്റെ കീറിയ ശകലം
അതിന്റെ ഇടുങ്ങിയ തെരുവുകളില്‍ നഷ്ടപ്പെട്ടിരിക്കുന്നു.
എല്ലാവരും എവിടെയായിരുന്നിരിക്കും?
ഭിത്തികളിലെ വരകളും കല്ലുകളും ഉത്തരം പറഞ്ഞു.
എവിടെയായിരുന്നു ശരിക്കുമുള്ള ബെത്‌ലെഹേം-
എന്റെ മുത്തശ്ശന്‍ വന്നയിടം?
കൈലേസുകള്‍ എന്റെ കൈകളിലെ വേദനകളെ ഉണക്കി.
ഒലിവുമരങ്ങളും കണ്ണീരും ഓര്‍മ്മിക്കുന്നത് തുടര്‍ന്നു.
ഞാന്‍ പട്ടണത്തിലൂടെ നടന്നു.
വെള്ളമേല്‍ക്കുപ്പായം ധരിച്ച വൃദ്ധനായ അറബിയുള്ളിടം വരെ.
അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി ഞാന്‍ ചോദിച്ചു:
‘നിങ്ങളല്ലേ എന്റെ മുത്തശ്ശന്റെ കഥകളില്‍ ഞാന്‍ അറിഞ്ഞ മനുഷ്യന്‍?‘
എന്നെ ഒന്നു നോക്കിയ ശേഷം അയാള്‍ അവിടം വിട്ടുപോയി.
ഞാനയാളെ പിന്തുടര്‍ന്നു-
എന്തുകൊണ്ട് സ്ഥലം വിടുന്നു എന്ന് ചോദിച്ചു?
അയാള്‍ നടത്തം തുടര്‍ന്നതേയുള്ളൂ.
ഞാന്‍ ചുറ്റും നോക്കി അറിഞ്ഞു;
തന്റെ കാല്‍ച്ചുവടുകള്‍ക്കിടയിലെ അകലങ്ങളില്‍
അയാള്‍ രഹസ്യങ്ങള്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു.

മൊഴിമാറ്റം:ബിജുരാജ്

ഫലസ്തീന്‍ കവിയും എഴുത്തുകാരിയും നാടകകൃത്തുമാണ് നദാലി ഹന്‍‌ദാല്‍.1969ല്‍ ഹെയ്തിയില്‍ ജനിച്ചു.ബെത്‌ലെഹേമില്‍ നിന്നുള്ളവരാണ് അച്ഛനും അമ്മയും.യൂറോപ്പ്,അമേരിക്ക,കരീബിയ,ലാറ്റിന്‍ അമേരിക്ക,അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ജീവിച്ചു.ഇരുപതിലധികം നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ചിലത് നിര്‍മ്മിക്കുകയും ചെയ്തു.വിവിധ ഭാഷകളിലേക്ക് കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.‘ലൌ ആന്‍ഡ് സ്ട്രെയിഞ്ച് ഹോഴ്സസ്‘,‘ദ ലിവ്സ് ഓഫ് റെയ്‌ന്‍‘,‘ദ നെവര്‍ ഫീല്‍ഡ്’ തുടങ്ങിയവയാണ് കൃതികള്‍.നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.